എന്റെ ഡിഗ്രി ആദ്യ വര്‍ഷക്കാലം... എന്‍...എസ്എസ് വോളന്റിയര്‍ ആയിരുന്ന ഞാന്‍ സ്പെഷ്യല്‍ ക്യാമ്പില്‍ പങ്കെടുത്തു... പൊന്നാനി എം.ഐ. ഗേള്‍സ് ഹൈസ്കൂളില്‍ ആയിരുന്നു ക്യാമ്പ്...
എന്തായാലും പോകുന്ന വഴിക്ക് ഞാന്‍ എന്റെ കൂടെ ഉണ്ടായിരുന്നവരോട് പറഞ്ഞു : നമുക്ക് ആ കുടിലില്‍ ഒന്ന് പോയി നോക്കിയാലോ... കുറെ കുട്ടികളെ കാണാനുണ്ട്... ഒരു രസമായിരിക്കും...
"നീ പോയി വാ... ഞങ്ങള്‍ ഇവിടെ നിന്നോളാം..." പെണ്‍കുട്ടികള്‍ ആയതു കൊണ്ട് ഞാന് ആ തീരുമാനത്തെ എതിര്‍ത്തില്ല...
ഞാന്‍ ആ വീട്ടിലേക്കു ചെന്നു... പൊന്നാനി എം.ഇ.എസ് കോളേജില്‍ നിന്നും സര്‍വ്വേ ആവശ്യാര്‍ത്ഥം വരികയാണ് എന്ന് പറഞ്ഞു... എന്താ വേണ്ടത് എന്ന് ആ വീട്ടിലെ ഉപ്പ എന്നോട് ചോദിച്ചു.. ഒന്നുമില്ല, കുട്ടികള്‍ക്ക് കുറച്ചു മിട്ടായി കൊടുക്കാനാണ് എന്ന് ഞാന്‍ പറഞ്ഞു..

മുറ്റത്ത് നിന്നിരുന്ന ഒരു പെണ്‍കുട്ടി എന്റെ കയ്യില്‍ നിന്ന് മിട്ടായി വാങ്ങി...
വേറെ ഒരു മോള് കൂടിയുണ്ട്...
അവള്‍ കരയുന്ന ശബ്ദം ഞാന്‍ കേള്‍ക്കുന്നുണ്ട്... അവളുടെ ഉമ്മ എന്റെ അടുത്തേക്ക് വന്നു...
"മോളെ... മിട്ടായി വേണമെങ്കി വേഗം പോരെ..." ഉമ്മ ഉറക്കെ പറഞ്ഞു..
അവള്‍ ഓടി വന്നു... മുഖത്തെ കണ്ണുനീരിനു പകരം പുഞ്ചിരിക്കുന്ന മുഖം... ഞാന്‍ ആദ്യം മിട്ടായി അവള്‍ക്കു കൊടുത്തു... എന്നിട്ട് വെറുതെ ഒന്ന് കാച്ചിവിട്ടു... " നീ ഒരു പാട്ട് പാടുകയാണെങ്കില്‍ ഞാന്‍ രണ്ടു മിട്ടായി കൂടി തരാം.."
ആദ്യം ഒന്ന് നാണിച്ചു നിന്ന ശേഷം അവള്‍ പാടി... നല്ല സുന്ദരമായ ഈണവും താളവും... എനിക്ക് നല്ലം ഇഷ്ടമായി... ഒരു അഞ്ചാം ക്ലാസ്സ് പ്രായമേ അവള്‍ക്കു കാണു... പക്ഷെ ഇത്രയും സുന്ദരമായി പാടുന്ന ഒരു കുട്ടിയെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ലായിരുന്നു... എനിക്ക് വല്ലാത്ത സന്തോഷം തോന്നി...
ആസ്വദിച്ചു തീരുമ്പോഴേക്കും അവള്‍ നാണിച്ചു പാട്ട് നിറുത്തി... ഞാന്‍ അവളെ അടുത്തേക്ക് വിളിച്ചു... നന്നായി പ്രോത്സാഹിപ്പിച്ചു... ഒരുപാട് വീടുകളില്‍ കൊടുക്കാന്‍ വേണ്ടി കുറെ മിട്ടായി ഞാന്‍ വാങ്ങിയിരുന്നു... പക്ഷെ അതെല്ലാം ഞാന്‍ അവള്‍ക്കു കൊടുത്തു പോയി... അവളുടെ മുഖത്തേക്ക് നോക്കി ഞാന്‍ പറഞ്ഞു : "നീ മിടുക്കിയാകണം... നല്ല കഴിവുണ്ട് നിനക്ക്... നന്നായി പഠിക്കുകയും കളിക്കുകയും പാടുകയും ചെയ്യണം..."
ഞാന്‍ അത് പറഞ്ഞു തീരുമ്പോഴേക്കും ഞാന്‍ തന്നെ തരിച്ചു പോയിരുന്നു... അവളുടെ കണ്‍കളില്‍ സന്തോഷത്തിന്റെ തിളക്കമുണ്ടായിരുന്നു... അവള്‍ മിട്ടായിയുമായി വേഗം ഉള്ളിലേക്ക് ഓടി ചെന്ന്... ഉപ്പാക്കും ഉമ്മാക്കും ആദ്യം രണ്ടു വീതം കൊടുത്തു.. പിന്നെ അവളുടെ അനിയത്തി കുട്ടിക്കും... ഞാന്‍ ഉപ്പയുടെ മുഖത്തേക്ക് ശ്രദ്ധിച്ചു... ആഹ്ലാദം കൊണ്ട് കണ്ണുനീര്‍ ഒഴുകുകയാണ്... വികാരഭരിതനായ ഞാന്‍ വേഗം യാത്ര പറഞ്ഞ് എന്റെ ടീമിന്റെ കൂടെ കൂടി...
സര്‍വ്വേ കഴിഞ്ഞു ക്യാമ്പ് സ്പോട്ടിലേക്ക് എത്തുന്ന വരെ ഞാന്‍ ആ അനുഭൂതി കൂടെയുള്ളവരോട് പറഞ്ഞു കൊണ്ടേ ഇരുന്നു... അന്ന് രാത്രി എല്ലാവരും തമാശ പറഞ്ഞു ഇരിക്കുമ്പോളും എന്റെ കാതില്‍ അവളുടെ പാട്ടായിരുന്നു... എന്റെ കണ്‍കളില്‍ അവളുടെ ഉപ്പയുടെ കണ്ണുനീരായിരുന്നു.... സന്തോഷം കൊണ്ട് എന്റെ മനസ്സ് പുളകിതമായിരുന്നു...
ഇനിയും ആ വീട്ടില്‍ പോകണം എന്ന് ഞാന്‍ മനസ്സില്‍ കരുതി... പിന്നീട് ഞാന്‍ ആ വഴിക്കുപോയപ്പോള്‍ ഞാന്‍ ആ വീട് ശ്രദ്ധിച്ചു... പക്ഷെ നിരാശ മാത്രമായിരുന്നു ബാക്കി.. ആ കുടില് തന്നെ അവിടെ കാണാനില്ല.... എന്ത് പറ്റി എന്ന് അറിയില്ല... എന്നാലും എന്റെ ക്യാമ്പ് ജീവിതത്തില്‍ ഞാന്‍ ഏറ്റവും ഓര്‍ക്കുന്ന ഒരു സംഭവം ആണ് ഇത്...
അവള്‍ പാട്ടുകാരിയായിരുന്നു... ഏതൊരു ദുഖവും സന്തോഷമാക്കാന്‍ കഴിവുള്ള പാട്ടിന്റെ ഉടമ... ഒരു പക്ഷെ അത് കൊണ്ടായിരിക്കും അവര്‍ സന്തോഷത്തോടെ ജീവിക്കുന്നത്...
ദാരിദ്ര്യത്തിന്റെ കഷ്ടപാടില്‍ കഴിയുന്ന പലര്‍ക്കും സ്വാന്ത്വനം കൊടുക്കുന്നത് വലിയ ഒരു നന്മയും സന്തോഷവുമാണ്.... പലപ്പോഴും അങ്ങനെ ഉള്ളവരുടെ സന്തോഷമാണ്‍ നമ്മെ ഉയരങ്ങളില്‍ എത്തിക്കുന്നത്...
നമ്മുടെ സുഖത്തിന് വേണ്ടി ഓടി നടക്കുന്നതിനു ഇടയില്‍ കൊല്ലത്തില്‍ ഒരു ദിവസമെങ്കിലും ഈ സന്തോഷം നമ്മില്‍ എത്തട്ടെ... ഇങ്ങനെ ഒരു അനുഭവം ജീവിതത്തില്‍ കിട്ടാതെ കുറെ എ.സി റൂമില്‍ ഇരിന്നു സുഖിക്കുനതിനേക്കാള്‍ മണ്ടന്‍ വേറെ ഉണ്ടാകില്ല എന്നാണ് എന്റെ അഭിപ്രായം...
ഒരു സന്തുഷ്ട ലോകത്തിനായി നമുക്ക് കയ്കൊര്‍ക്കാം...
ജാബി'സ്