Sunday 22 June 2014

ക്യാമ്പസ്‌ രാഷ്ട്രീയത്തിലേക്ക് ഒരെത്തിനോട്ടം


എറണാംകുളം ലോ കോളേജിലെ പ്രകാശ് നല്‍കിയ ഹര്‍ജിയുടെ തുടര്‍ച്ചയിലാണ് ക്യാമ്പസ്‌ രാഷ്ട്രീയ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത്. ക്യാമ്പസില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു നിയന്ത്രണം എന്ന പേരിലാണെങ്കിലും മൊത്തത്തില്‍ രാഷ്ട്രീയ അന്തരീക്ഷം കോളേജില്‍ നിന്നും എടുത്തു കളയാനുള്ള ശ്രമമായിട്ടെ ഇപ്പോഴത്തെ ഉത്തരവുകളെ കാണാന്‍ കഴിയൂ.
കോളേജില്‍ രാഷ്ട്രീയത്തിന്‍റെ ആവശ്യകതയെക്കുറിച്ച് നാം മനസ്സിലാക്കേണ്ടതുണ്ട്. രാഷ്ട്രത്തിനു വേണ്ടി സംസാരിക്കുന്ന, പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടത്തെ വളര്‍ത്തിയെടുക്കലാണ് സംഘടനകളുടെ പ്രധാന ലക്ഷ്യം. ബ്രിട്ടീഷ്‌ അധിനിവേശത്തില്‍ നിന്നും ഒരുപാട് കഷ്ടപ്പെട്ട് നമ്മുടെ ജവാന്മാര്‍ നമ്മിലേക്ക് കൈമാറിത്തന്ന ഇന്ത്യയില്‍ ആ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതും മികവുറ്റ വികസനം ഉറപ്പുവരുത്തേണ്ടതും ഓരോ പൌരന്റെയും കടമയാണ്. അത് കൊണ്ട് തന്നെ വളര്‍ന്നു വരുന്ന തലമുറയ്ക്ക് ശരിയായ രാഷ്ട്രീയ ബോധവും രാജ്യത്തെ നയിക്കാനുള്ള ഊര്‍ജ്ജവും കൈവരേണ്ടതുണ്ട്. ഇവിടെയാണ്‌ ക്യാമ്പസ്‌ രാഷ്ട്രീയത്തിന്‍റെ പ്രാധാന്യം വിളിച്ചോതുന്നത്. ക്യാമ്പസ്‌ തലത്തില്‍ ഉണ്ടാകുന്ന അനീതിയും അവകാശ നിഷേധവും ചോദ്യം ചെയ്യാനു ഇന്നത്തെ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് വരും തലമുറയിലെ നേതാക്കളായ അവര്‍ക്ക് നമ്മുടെ രാജ്യത്തെ നയിക്കാന് കഴിയുക ? ഒരുപാട് സമരങ്ങളിലൂടെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ നേടിയെടുത്ത നേട്ടങ്ങളും നമുക്ക് മറക്കാന്‍ കഴിയില്ല. കോളേജ് സിലബസില്‍ മാത്രം ഒതുങ്ങി കൂടാതെ സാഹിത്യകലാമേഖലകളിലും  രാഷ്ട്രീയരംഗങ്ങളിലും വിദ്യാര്‍ത്ഥികള്‍ സജീവമാകേണ്ടത്  കാലഘട്ടത്തിന്‍റെ ആവശ്യകതയാണ്.

ഇത്രയും പ്രാധാന്യം അര്‍ഹിക്കുന്ന ക്യാമ്പസ്‌ രാഷ്ട്രീയം നിയന്ത്രിക്കാന്‍ ഹര്‍ജിയില്‍ മുന്നോട്ട് വെച്ച കാര്യങ്ങളും നാം പരിശോധനയ്ക്ക് വിധേയമാക്കണം. രാഷ്ട്രത്തെ വളര്‍ത്താന്‍ വേണ്ടി രൂപം കൊണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് പ്രാമുഖ്യം നല്‍കുന്നത് അതാത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയാണ്. ഇതിലൂടെ തെറ്റിനെ പോലും ന്യാകരിക്കുന്ന അവസ്ഥാവിശേഷം രൂപം കൊണ്ടു. ഒരു തെറ്റ് കണ്ടാല്‍ പോലും സ്വന്തം  പാര്‍ട്ടിക്കാരനോട് ഒരു നയവും മറ്റു പാര്‍ട്ടിയില്‍ പെട്ടയാളോട് മറ്റൊരു നയവും സ്വീകരിക്കുന്ന ദാരുണമായ കാഴ്ചയാണ് നമ്മുടെ രാഷ്ട്രീയ മേഖലയില്‍ നിലനില്‍ക്കുനത്. ഈ ഒരു നയമാണ് ഒരു വിഭാഗം ജനങ്ങളില്‍ രാഷ്ട്രീയത്തെക്കുറിച്ച് തെറ്റായ കാഴ്ചപ്പാടുകള്‍ ഉണര്‍ത്തുന്നത്. സമരങ്ങള്‍ കാരണം ക്ലാസ്സ്‌ മുടങ്ങുന്നു എന്നതാണ് പ്രധാനമായും ഹര്‍ജിയില്‍ പറയുന്ന പരാതി. ഇത് കൊണ്ട് ക്യാമ്പസ്‌ രാഷ്ട്രീയം നിര്‍ത്തലാക്കണമെങ്കില്‍ ആദ്യം നിറുത്തേണ്ടത് മുഖ്യധാരാരാഷ്ട്രീയത്തെയാണ്. കാരണം അത്തരം പാര്‍ട്ടികളുടെ സമരങ്ങള്‍ കോളേജ് എന്നതിനപ്പുറം എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്നുണ്ട്. ഇതിനര്‍ത്ഥം രാഷ്ട്രീയ പാര്‍ട്ടികള്‍ ഇനി നമ്മുടെ രാജ്യത്ത് വേണ്ട എന്നല്ല. മറിച്ച് മുഖ്യധാരരാഷ്ട്രീയ പാര്‍ട്ടികള്‍ ആക്രമനീക്കങ്ങളും മതവിദ്വേഷവും അഴിമതിമാര്‍ഗങ്ങളും തെറ്റായ സമരരീതികളും പാടെ എടുത്തു കളയാന്‍ ആര്‍ജ്ജവം കാണിക്കണം. തെറ്റായ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ക്യാമ്പസില്‍ അരങ്ങേരുന്നുണ്ടാകാം. പക്ഷെ ജലദോഷം പിടിച്ചത് കൊണ്ട് മൂക്ക് മുറിക്കുക എന്ന് പറയും പോലെ നിയന്ത്രണം കൊണ്ട് വരികയല്ല വേണ്ടത്. മറിച്ച് ശെരിയായ രാഷ്ട്രീയ ബോധം പകര്‍ന്നു കൊടുക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടത്. പഠനത്തിലേക്ക് മാത്രം ശ്രദ്ധ തിരിച്ചു വിടുന്ന സെമിസ്റ്റര്‍ സിസ്റ്റം പോലും സാഹിത്യഅഭിരുചികളെ കരിച്ചുകളയുകയും അരാഷ്ട്രീയ വാദം കൊണ്ട് വരികയും ചെയ്യുന്നു എന്നത് നാം മനസ്സിലാക്കി കഴിഞ്ഞതാണ്. അതിനൊപ്പം ഇത്തരം ഉത്തരവുകളല്ല സര്‍ക്കാര്‍ മുന്നോട്ട് വെക്കേണ്ടത്. നേരത്തെ പറഞ്ഞത് പോലെ മുഖ്യധാരരാഷ്ട്രീയ പാര്‍ട്ടികളെ ശുദ്ധീകരിക്കാന്‍ ശ്രമിക്കണം. അതിനുള്ള ഉത്തരവുകളും ജനലോക്പാല്‍ പോലുള്ള ബില്ലുകളും നിലവില്‍ വരട്ടെ. നിങ്ങളുടെ പ്രവര്‍ത്തനത്തിലൂടെയല്ലേ ഇന്നത്തെ വിദ്യാര്‍ഥിസമൂഹം രാഷ്ട്രീയം എന്താണെന്ന് വീക്ഷിക്കുന്നത്. അല്ലാതെ ക്യാമ്പസ്‌ രാഷ്ട്രീയം എടുത്തു കളയാം എന്ന്‍ കരുതുന്നെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികരിക്കാന്‍ അടുത്ത ഇലക്ഷന്‍ വേണമെന്നില്ല എന്ന സത്യം ഓര്‍ക്കുന്നത് നന്നായിരിക്കും. രാഷ്ട്രീയ നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നതിനു പകരം ശെരിയായ രാഷ്ട്രീയ ബോധം ഉണ്ടാക്കാന്‍ മുന്‍കയ്യെടുക്കൂ. രാഷ്ട്രീയ ബോധ്വും നേത്രുത്വപരിചയവുമുള്ള സമൂഹത്തെ സൃഷ്ടിച്ചെടുത്ത് ഇന്ത്യയുടെ നല്ല നാളേക്ക് വേണ്ടിയാകട്ടെ സര്‍ക്കാര്‍ നീക്കങ്ങളും ഉത്തരവുകളും.. ജയ് ഹിന്ദ്‌...  

Saturday 21 December 2013

മഴയെ നീ പെയ്യണോ.. പെയ്യാതിരിക്കണോ..

(എം.ഇ.എസ്. കോളേജ് ആര്‍ട്ട്‌ കഫെ ക്ലബ്‌ പുറത്തിറക്കിയ മഴപുസ്തകത്തിലെ എന്റെ കവിത)

മഴത്തുള്ളികള്‍...
ഒരിക്കല്‍ സ്നേഹിച്ചതും...
മറ്റൊരിക്കല്‍ വെറുത്തതും...
ഇന്നും ചിന്തയിലാഴ്ത്തി...
നിന്‍ സാന്നിദ്ധ്യ പ്രതീകം...

നിന്റെ ചെറിയകണങ്ങള്‍...
മാനവനില്‍ ദാഹം അകറ്റുമ്പോള്‍...
കൃഷയുടെ പച്ചപ്പും, കൂടെ...
ജീവനും നിലനിര്ത്തുമ്പോള്‍...
മഴയെ നീ പെയ്യുക...
ഇനിയും.. എന്നും.. പെയ്യുക...

നിന്റെ ഭീമമായ സാന്നിദ്ധ്യം...
മണ്ണിന്റെ താളം തെറ്റിക്കുമ്പോള്‍...
ദുരിതങ്ങളുടെ വാര്‍ത്തകളും, കൂടെ...
കണ്ണുനീര്‍ തുള്ളികള്‍ പൊഴിക്കുമ്പോള്‍...
മഴയെ നീ പെയ്യാതിരിക്കുക...
ഇനി ഒരിക്കലും പെയ്യാതിരികുക...

രാജ്യത്തിന്‍റെ ഊര്‍ജവും ശക്തിയും...
സാമ്പത്തികനിലയുടെ ഉയര്‍ച്ചയും...
നീ പെയ്യുന്നത് പോലെ ആവുമെങ്കില്‍...
മഴയെ നീ പെയ്യുക...

പണത്തിന്റെ സാഗരസമാനമായ ഒഴുക്കില്‍...
ഉണരുന്ന അഴിമതിയും നേതാക്കളും...
നീ പെയ്യുന്നത് പോലെ വളരുമെങ്കില്‍...
മഴയെ നീ പെയ്യാതിരിക്കുക...



ഹൃദയസ്പര്‍ശം ചൊരിഞ്ഞുവന്ന...
മധുരമായ ആശയങ്ങളും ആദര്‍ശങ്ങളും...
നീ പെയ്യുന്നത് പോലെ ഉണരുമെങ്കില്‍...
മഴയെ നീ പെയ്യുക...

തൊലിക്ക് നിറം കണ്ട മണ്ടന്മാരും...
ജാതിമതം വീക്ഷിച്ച തീവ്രവാദികളും...
നീ പെയ്യുന്നത് പോലെ ജനിക്കുമെങ്കില്‍...
മഴയെ നീ പെയ്യാതിരിക്കുക...

മണ്‍പുട്ടിന്റെയും ഓലപമ്പരത്തിന്റെയും കാലവും...
വിദ്യനുകരുന്ന വരാന്തയിലെ ഓര്‍മകളും...
നീ പെയ്യുന്നത് പോലെ തിരിച്ചുവരുമെങ്കില്‍...
മഴയെ നീ പെയ്യുക...

അറിവിന്റെ ഉയര്‍ച്ചയില്‍ വളര്‍ന്ന തെമ്മാടിത്തവും...
സ്വന്തക്കാരെ തിരിച്ചറിയാന് കഴിയാത്ത ബോധവും...
നീ പെയ്യുന്നത് പോലെ തളിര്ക്കുമെങ്കില്‍...
മഴയെ നീ പെയ്യാതിരിക്കുക...

സൌഹാര്‍ദ്ദ കുട്ടായിമയുടെ സ്നേഹങ്ങളും...
ഇന്റര്‍നെറ്റ്‌ കൂട്ടിയിണക്കുന്ന പുതിയ കൈകളും...
നീ പെയ്യുന്നത് പോലെ ഇങ്ങുമെങ്കില്‍...
മഴയെ നീ പെയ്യുക...

ചിന്തയുടെ ക്രൂരമായ കണ്ണുകളുള്ള...
പണം കണ്ടു മയങ്ങിയ സൌഹാര്‍ദവും കൂട്ടും...
നീ പെയ്യുന്നത് പോലെ വളരുമെങ്കില്‍...
മഴയെ നീ പെയ്യാതിരിക്കുക...

പ്രണയിച്ച മനസ്സുകള്‍ക്ക് കുളിര്‍ പകര്‍ന്നതും...
സുന്ദരമായ അനുരാഗത്തിന് മധുരം ചൊരിഞ്ഞതും...
നീ പെയ്തത് കൊണ്ടാണെങ്കില്‍...
മഴയെ നീ പെയ്യുക...

സ്ത്രീയെ തിരിച്ചറിയാത്ത കാമകണ്ണുകളും...
നിശബ്ദമായ തേങ്ങലുകളുടെ കണ്ണുനീര് തുള്ളികളും...
നീ പെയ്തത് കൊണ്ടാണെങ്കില്‍...
മഴയെ നീ പെയ്യാതിരിക്കുക...

പെയ്തുകൊണ്ടേ ഇരിക്കേണ്ടതും നീയാണ്...
ഒരിക്കലും പെയ്യാതിരിക്കേണ്ടതും നീയാണ്...
നിന്റെ മാത്രം സാനിദ്ധ്യത്തില്‍ വിരിയാന്...
ഈ മണ്ണിന്റെ വിരിമാറില്‍ ഒരുപാടുണ്ട്...
പക്ഷെ ജ്വലിക്കുന്ന സൂര്യന്റെ...
താപ കാഠിന്യം കൊണ്ടോ...
നന്മകളെക്കാള്‍ ഉയരുന്നത്...
തിന്മകള്‍ ആവുന്നു...

എനിക്കിപ്പോഴും അറിയാത്തതായ്...
ഒരേ ഒരു കാര്യം മാത്രം...
മഴയെ നീ പെയ്യണോ...
അതോ പെയ്യാതിരിക്കണോ...!

[ അഭിപ്രായങ്ങളും ചുവടെ കമന്റ്‌ ചെയ്യുമല്ലോ..! :) ]

Tuesday 3 September 2013

പൂപ്പിയും നായയും പിന്നെ എന്റെ പെങ്ങള്‍കുട്ടിയും



കുട്ടികളുടെ കളി കൂട്ടുകാരിലെ ഒരു വിരുതന്‍ ഒപ്പിച്ച കഥയാണ്‌ ഇന്ന് ഞാന്‍ പറയുന്നത്... ദ്രിശ്യ മാധ്യമങ്ങള്‍ വളര്‍ന്ന ഈ കാലഘട്ടത്തില്‍ ചെറിയ കുട്ടികള്‍ വരെ അടിമകളായി... വലിയ വര്‍ത്തമാനം വിളംബാതെ കഥയിലേക്ക് വരാം...!!

ഒരു കഥാപാത്രം നായകുട്ടി പൂപ്പിയാണ്... അനിമേഷന്‍ രംഗത്ത് തിളങ്ങി നില്‍കുന്ന വീരന്‍.........,.. കുട്ടികളുടെ ഇഷ്ട തോഴന്‍...,... നന്മ നിറഞ്ഞ ഒരുപാട് പാഠങ്ങള്‍ കുട്ടികള്‍ക്ക് വിളമ്പുന്ന കൊച്ചു കൂട്ടുകാരന്‍...,... കുട്ടിത്തം വിട്ടു മാറാത്ത പെരുമാറ്റവും കളികളും... ഇത് കൊണ്ട് ഒക്കെ ആകണം പുള്ളി ഇത്ര പ്രശസ്തി നേടിയത്...

ഹാ... ഒരു നായകുട്ടിടെ കാര്യം.. അല്ല... ഒരു അനിമേഷന്‍ നായടെ കാര്യം.. ഇനി മെയിന്‍ കഥാപാത്രത്തെ പരിജയപെടുത്താം... കക്ഷി മൂന്നു വയസ്സുകാരി.. സ്വന്തം കാര്യം നടന്നു കിട്ടാന് എന്ത് ചെയ്യണം എന്ന് നേരത്തെ ആലോചിച്ചു കരുക്കള്‍ നീക്കുന്ന മിടുക്കി... പാട്ടിന്റെ വരികളിലൂടെ താളം പിടിക്കാനും അതിനനുസരിച്ച് തന്റെ കുഞ്ഞു കൈകള്‍ ആട്ടി നൃത്തം വെക്കുന്ന കുറുമ്പി... അടുക്കള മുതല്‍ അങ്ങാടി വരെ ഇടയ്ക്കു ഒളിച്ചോട്ടം നടത്തുന്ന ബുദ്ധിശാലി... സ്നേഹനിധിയായ എന്റെ താത്തയുടെ മൂത്ത പെണ്‍കൊടി...
ഇനി സംഭവം പറയാം... ഫാത്തിമ ബതൂല്‍..,.. അതാണ്‌ അവളുടെ പേര്... മിക്ക കുട്ടികളെയും പോലെ പൂപ്പിയെ കാണാതെ അവളും ചോറ് കഴിക്കില്ല... എന്നാലും ഭാഗ്യം തന്നെ... വല്ല മിട്ടായിയും വേണം ചോറ് കഴിക്കാന് എന്ന് വാശി പിടിച്ചിരുന്നെങ്കില്‍ തറവാട് പണയം വെക്കേണ്ടി വന്നേനേ...!! കാരണം മിട്ടായി എന്ന് കേട്ടാ മതി, അവളുടെ ചോര തിളച്ചുയരും...!!

ഒരു ദിവസം വൈകുന്നേരം... കുറെ പൂപ്പിമാര് നാട്ടില്‍ കറങ്ങി നടക്കുന്ന സമയം... എന്റെ താത്തയുടെ വീടിനു അടുത്തും എത്തി ഒരു നായ... നല്ല തടിയും പൊക്കവും ഉള്ള നായ... കണ്ടാല്‍ തന്നെ പേടി തോന്നും... പക്ഷെ, പൂപ്പി എന്ന നായകുട്ടിയെ നേരില്‍ കണ്ട സന്തോഷമായിരുന്നു അവള്‍ക്കു...!! കുട്ടിക്ക് അറിയില്ലല്ലോ... ആ അനിമേഷന്‍ പൂപ്പിയും ഈ നായയും ഒന്നല്ല എന്ന്... താത്തയുടെ കണ്ണ് വെട്ടിച്ച് കക്ഷി നായയുടെ അടുത്തേക്ക് ചെന്ന്...
വെറുതെ അല്ല... ഉറക്കെ പാടി കൊണ്ട്..!! "പൂപ്പി.. പൂപ്പി.. ബോവ് ബോവ് ബോവ്.."
ഇത് കേട്ട് ഭാഗ്യത്തിന് താത്ത സ്ഥലത്ത് എത്തി... അളിയന്റെ അനിയന്‍ ഉടനെ നായയെ ഓടിച്ചു... അവള്‍ ഉറക്കെ കരയാനും തുടങ്ങി... "പാവം... നായയുടെ പെരുമാറ്റം കണ്ടു പേടിച്ചു പോയി..", താത്ത മനസ്സില്‍ കരുതി കാണണം... പക്ഷെ അവള്‍ കരുതിയത് അങ്ങനെ ആവില്ല... കാരണം അവള്‍ക്കു അപ്പോഴും ആ നായ പൂപ്പി ആയിരുന്നു... അത് കൊണ്ട് അവള്‍ കരുതിയത് ഇങ്ങനെയായിരുന്നു... "എന്റെ പൂപ്പിയെ ഓടിക്കല്ലേ... അവനു പാവമാണ്... ഒന്നും ചെയ്യല്ലേ..."

ഉടന് തന്നെ അവളുടെ കണ്മുന്നില്‍ വെച്ചില്‍ ആ നായ ആത്മഹത്യ ചെയ്തു..!! റോഡിലൂടെ പോയിരുന്ന ഒരു വണ്ടിക്കു തലവെച്ചു കൊടുത്തു..!! അവള്‍ക്കു അത് ഒരിക്കലും സഹിക്കാന് പറ്റിയിരുന്നില്ല... പിന്നെ ഇപ്പോഴും "പൂപ്പി" കാണുമ്പോള്‍ അവള്‍ക്കു കൂടുതല്‍ സന്തോഷം ഉള്ളത് പോലെ എനിക്ക് തോന്നി... പിന്നെയും പൂപ്പി തിരിച്ചു വന്നത് കൊണ്ടായിരിക്കും... അല്ലെങ്കി ശെരിയായ പൂപ്പിയെ തിരിച്ചറിഞ്ഞത് കൊണ്ടോ... പിന്നേ... ഇതൊക്കെ വായിചെടുക്കാന് കഴിയുമെങ്കി ഞാന്‍ ആരായി..!! എന്തായാലും അനിമേഷന്‍ ചിത്രങ്ങളും ചലച്ചിത്രങ്ങളും വീടില്‍ പ്രദര്‍ശനം നടത്തുമ്പോള്‍ ഒരു കാര്യം ശ്രദ്ധിച്ചാല്‍ കൊള്ളാം...

ചിന്ത : കുട്ടികള്‍ നിഷ്കളങ്കരാണ്... ചിന്തിക്കാനുള്ള പ്രായം അവര്‍ക്ക് ആയിട്ടില്ല... അവര്‍ക്ക് എന്ത് കാണിച്ചു കൊടുക്കുമ്പോഴും അവരുടെ ചിന്താ മണ്ഡലങ്ങള്‍ തെറ്റായതൊന്നും ചിന്തിക്കുന്നില്ല എന്നും നന്മയുടെ പാതിലാണ് എന്നും ഉറപ്പു വരുത്തുക... എന്നാല്‍ വരും ദിനങ്ങളില്‍ നമുക്ക് കുറച്ചു ടെന്‍ഷന്‍ കുറയ്ക്കാം...

അഭിപ്രായം ചുവടെ നിക്ഷേപിക്കു.. :)
ജാബി'സ്

Saturday 6 July 2013

വാഴയും രാജകുമാരിയും

"നീയൊരു പാവമാണ് കേട്ടോ.. അലെങ്കി ആ ചെറിയ കുട്ടി നിന്നെ വെറുതെ അടിച്ചാ നീ നോക്കി നില്കില്ലായ്ര്‍ന്നു... ഇത് കൊണ്ടെക്കെയാണ് ഞാന്‍ നിന്നിലേക്ക്‌ അടുത്ത് പോയത്... അവള്‍ അത് പറഞ്ഞു കഴിയുമ്പോഴേക്കും ആ കുട്ടി പിന്നെയും എന്നെ അടിച്ചു.."

നിലത്താണ് കിടന്നിരുന്നത്.. അതിനാല്‍ കാര്യമായ പരിക്കില്ലാതെ ഞാന്‍ ഉറക്കത്തില്‍ നിന്നും എന്നീട്ടു.. രാവിലെ നിസ്കാരത്തിനു എണീറ്റ് പിന്നെയും കിടന്നതാ.. കോളേജ് ഇല്ല എന്നറിഞ്ഞു കിടന്ന കാലം മറന്നു പോയി.. പത്രം നോക്കലാണ് ആദ്യത്തെ പണി.. വീട്ടു മുറ്റത്തേക്ക് ഇറങ്ങിയപ്പോ വല്ലാത്തൊരു ഉന്മേഷം.. ഗ്രാമ പ്രദേശം ആയതു കൊണ്ട് ഒരുപാട് കിളികള്‍ പാട്ട്  പാടുന്നുണ്ടായിരുന്നു.. ഇന്നലെ പെയ്ത മഴയ്ക്ക് കൂട്ടായിരുന്ന മഴവില്ലിന്‍ അഴകായിരുന്നു അവര്‍ക്ക്..

ഞാന്‍ അത് ശ്രദ്ധിച്ചു.. ഇങ്ങനെ കൊത്തിയാല്‍ പിന്നെ ഒന്നും ബാക്കി ഉണ്ടാവില്ല.. ഒരു തീരുമാനം ഉണ്ടാക്കണം.. ആ പക്ഷിയെ കൊല്ലാനു എനിക്ക് കഴിയില്ല.. സ്വപ്നത്തിലെ രാജകുമാരി എന്നോട് പിണങ്ങുമോ എന്നാണു എന്റെ ആശങ്ക.. അല്ലെങ്കിലും അത് പ്രായോയികമല്ല.. ഉമ്മയോട് ഞാന്‍ ഓടി ചെന്ന് പറഞ്ഞു.. അപ്രതീക്ഷിതമായി എന്റെ ഉമ്മ മടാള്‍ എടുത്തു എന്റെ മുന്നിലേക്ക്‌ വന്നു.. ഞാന്‍ ഉദേശിച്ചത് തെറ്റാണോ.. കണക്കു കൂട്ടലുകള്‍ തെറ്റിയില്ല.. വെട്ടി കൊണ്ട് വരാന്‍ തന്നെയാ എന്നോട് പറഞ്ഞത്...

കുറച്ചു ദിവസം മുംബ് കുലച്ച വാഴയാ... പഴം മൂത്ത് തുടങ്ങിയത് കൊണ്ട് വെട്ടിയെടുക്കണം..
വാഴക്കുല വെട്ടി എടുത്തു.. പക്ഷികളുടെ കരച്ചില്‍ കൂടുന്നത് പോലെ എനിക്ക് തോന്നി.. അവരുടെ മക്കള്‍ക്കും ഭക്ഷണം വേണമല്ലോ..! നാട്ടിന്‍ പുറത്തെ നേതാക്കളെ പോലെ വെറുതെ ഇരുന്നാ അഴിമതി വരുമാനം വരില്ലലോ.. ഞാന്‍ രണ്ടു പഴം പറിച്ചു അവിടെ ഇട്ടു കൊടുത്തു..
പിന്നെ ഞാന്‍ ആ ശബ്ദത്തിനു കാതോര്‍ത്തു.. "ഉണ്ണിത്തണ്ട് വേണം മോനേ..".. വാഴയെ മൊത്തത്തില്‍ കൊല്ലണം... അതാണ്‌ ഇപ്പൊ എനിക്ക് കിട്ടിയ ദൌത്യം..
"മരങ്ങളെയും ചെടികളെയും രക്ഷിക്കു... ജീവന്‍ രക്ഷിക്കു.." കുറച്ചു ദിവസം മുംബ് എക്സാം പേപ്പറില്‍ എഴുതിയ വരികള്‍ കാറ്റില്‍ പറന്നു പോവുകയാണോ..
ഞാന്‍ ആ വാഴയോട് അടുത്തപ്പോള്‍ "കാ കാ " എന്ന് കാക്കക്കൂട്ടം വിളിച്ചു കൂവിയത് "അരുത് കാക്കാ" എന്ന് പറയുന്ന പോലെ എനിക്ക് തോന്നി..! എന്നാലും എന്റെ മനസ്സ് തളര്നില്ല..
അഞ്ചു വെട്ടു.. വാഴ അതാ കിടക്കുന്നു നിലത്തു... ഞാന്‍ ഉടുത്തിരുന്ന തുണിയിലേക്കൊന്നു  നോക്കി.. വാഴയുടെ രക്തക്കറ പിടിച്ചിരിക്കുന്നു.. ഞാന്‍ വാഴയുടെ ഉണ്ണിത്തണ്ട് എടുക്കാനുള്ള പണിയിലായി.. മരിച്ചാലും വെറുതെ വിടില്ലേ എന്നൊരു അശരീരി കാറ്റിന്റെ താളത്തില്‍ ഞാന്‍ അനുഭവിച്ചു..

അല്ല... വാഴ വെട്ടുന്നത് മരങ്ങളെ മുറിക്കുന്ന ഗണത്തില്‍ പെടുത്താന്‍ പറ്റുമോ.. അത് വെട്ടിയാലല്ലേ പുതിയത് ഉണ്ടാകൂ... മരങ്ങളെ മുറിക്കരുത് എന്ന് മാറ്റി ഒരു വിഭാഗം മരങ്ങളെ മുറിക്കരുത് എന്ന് പറയേണ്ടതുണ്ട് എന്ന് എനിക്ക് തോന്നി..!!!! 

അയ്യോ.. എന്റെ പ്രിയ സഖിക്കു ഇനി എന്താവും പറയാന്‍ ഉണ്ടാവുക.. ഒരു ചെറിയ ജീവിയെ പോലും നോവിക്കാത്തത് കൊണ്ടാണ് ഞാന്‍ ഇത്രയും സുഗനിദ്രകളില്‍ അവളുടെ സ്നേഹം കൈ നിറയെ വാങ്ങിയത്.. കഴിഞ്ഞത് ഓര്‍ത്തു വിഷമിചിട്ടെണ്ട് കാര്യം... ഒരു കല തീര്‍ത്തു ഞാന്‍......,... ഇതാ ഇങ്ങനെ...!!!! 

അവള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള വെളുത്ത റോസ് ഞാന്‍ ചേര്‍ത്ത് വെച്ച്.. അവള്‍ പിണങ്ങി ഇനി  എന്റെ സ്വപ്നങ്ങളില്‍ വരില്ലേ എന്നാണു എന്റെ ആശങ്ക..!!! "ഇത് വരേ കഴിഞ്ഞില്ലേ..." ഉമ്മയുടെ അനേഷണം എത്തിപ്പോഴാണ് പരിസരബോധം കൈ വന്നത്... ആലോചിച്ചു കൂട്ടിയത് ഓര്‍ത്തു പുഞ്ചിരിച്ചു ഞാന്‍ വീട്ടിലേക് നടന്നു... എന്നാലും ഇത് കാരണം അവള്‍ ഇനി വരാതിരികക്കുമോ... ഇനിയൊരു പ്രഭാതത്തിനു വേണ്ടി കാത്തിരിക്കയാണ് ഞാന്‍....,...

ചിന്ത :-
ഒന്ന്‍ : വാഴ വെട്ടുന്നത് തെറ്റായി ആരും കാണുന്നില്ല... പക്ഷെ ഒരാള്‍ അത് ചെയ്‌താല്‍ "മരങ്ങള് മുറിച്ചു വില്‍ക്കുന്ന ആളാണല്ലേ" എന്ന് അയാളോട് എതിര്‍പ്പുള്ളവര്‍ പറയും... 
വ്യക്തമായ ചിന്തക്ക് അവസരം നല്‍കാതെ ഒരാളെ എങ്ങനെയെങ്കിലും തകര്‍ക്കുക എന്ന് ആലോചിക്കുന്നവര്‍ക്ക് ചില നിസ്സാര കാര്യങ്ങള് പോലും വളരെ ഭീകരമായി കാണും.. 
സ്വന്തം കൂട്ടുകാരനോ മറ്റോ ആയിരുന്നെങ്കില്‍ അയാള്‍ തെറ്റ് ചെയ്തു എന്നൊരു ചിന്തയെ ഉണ്ടാവുന്നില്ല... എപ്പോഴും നമ്മുടെ ചിന്തകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വാക്കുകള്‍ക്കും ശത്രുതയോ സൌഹ്രദമോ ബന്ധമുണ്ടാകുന്നുവോ എന്നും ശരിയായ നിഗമനങ്ങളിലേക്ക് തന്നെയാണോ എത്തുന്നത് എന്ന് സ്വയം ചോദിക്കേണ്ടതുണ്ട്... 
രണ്ട് : പ്രണയിക്കാന്‍ തുടങ്ങിയാല്‍ എന്ത് കാര്യവും അതുമായി ബന്ധപെടുത്തുന്ന മാനസികാവസ്ഥയും എന്തൊക്കെയാണ് ചിന്തിക്കുന്നത് എന്നതിനെ കുറിച്ചുള്ള ബോധമില്ലായ്മയും സ്വാഭാവികം.
അഭിപ്രായങ്ങള്‍ കമന്റ്‌ ചെയ്താലും... :)
#mohdjabironline

ജാബി'സ്

Tuesday 2 July 2013

ഭയങ്കര പഠിപ്പല്ലേ

കോളേജിലെ ആര്‍ട്സ് ഡേ വന്നു... തലേന്നാണ് ഒരു നാടകത്തെ കുറിച്ച് ആലോചിക്കുന്നത്... എവിടുന്നോ തോന്നിയ കുറച്ചു കാര്യങ്ങള്‍ കൊണ്ട് ഞാന്‍ ഒരു കഥ തട്ടികൂട്ടി... ഇങ്ങനെ..

ഫൈസി നല്ല ഉറക്കത്തിലാ... ഇടി വെട്ടിയാല്‍ പോലും എണീക്കും എന്ന് തോന്നുന്നില്ല... എന്തായാലും രാവിലെ സ്കൂളില്‍ പോകാന്‍ നേരത്ത് ഉമ്മ വന്നു വിളി തുടങ്ങും... "കുറച്ചു കൂടി ഉറങ്ങട്ടെ ഉമ്മ" എന്ന് കെഞ്ചി പറഞ്ഞു നോക്കും... കുറച്ചു കഴിഞ്ഞാലും ഇതേ പറയു എന്ന് അറിയാവുന്ന ഉമ്മ ഒരിക്കലും അതിനു വിട്ടു കൊടുക്കാറില്ല... ഗതികെട്ട് ഫൈസി എണീറ്റ്‌...,... ഫ്രണ്ട്സ് പല്ല് തെച്ചോ..? കുളിച്ചോ..? എന്ന് തമാശക്ക് ചോദിച്ചാല്‍ പോലും നാണം കേടരുത് എന്ന് കരുതി അതൊക്കെ തട്ടികൂട്ടി...!!

ഇന്ന് പരീക്ഷയാണ്... വളരെ മിടുക്കനായ ഫൈസി നാന്നായി തയ്യാറെടുത്തു...!! മനസ്സിലായില്ലേ..?!! കോപ്പി ഒക്കെ ഉണ്ടാക്കി സെറ്റ് ആക്കി വെച്ച ശേഷം ചായ കുടിക്കാന്‍ ഓടി.. തീന്മേശയില്‍ ഭക്ഷണം റെഡി ആയിരുന്നു... വെട്ടു വിഴുങ്ങുമ്പോള്‍ ഉപ്പ വന്നിട്ട് ഒരു അലറല്‍ ,... "എവിടെ ആയിരുന്നു രാവിലെ.." ഉപ്പ മാഷ്‌ ആയത് കൊണ്ട് എന്നും രാവിലെ ട്യുഷന്‍ ഉണ്ടാകും... പക്ഷെ ഇന്നേ വരെ അതില്‍ ഫൈസി പോയിട്ടില്ല എന്നത് മറ്റൊരു കാര്യം... ഏകദേശം ഫൈസിയെ കുറിച്ച് നിങ്ങള്ക്ക് മനസിലായി കാണും.. ഉള്ള രണ്ടു നോട്ട് ബുക്ക്‌ എടുത്തു സ്കൂളിലേക്ക്...

ക്ലാസ്സില്‍ വേഗം ചെന്ന് പഞ്ചാര അടി തുടങ്ങും... ജീവിതത്തില്‍ പതിവ് തെറ്റിക്കാതെ ചെയ്ത ഒരു കാര്യം അത് മാത്രമായിരിക്കും... ക്ലാസ്സില്‍ ഫൈസി ഇരുന്നു കുറുകുന്ന സമയം... അതാ  വരുന്നു ഒരു ഉമ്മച്ചികുട്ടി... ഗള്‍ഫില്‍ നിന്നും വന്ന കാരണം ഇടയ്ക്കു വെച്ച് ചേര്‍ന്നതാണ്... നാണിച്ചു കുണുങ്ങി മൊഞ്ചത്തി വന്നു ഇരുന്നപ്പോഴേക്കും പൊട്ടി മനസ്സില്‍ കുറച്ചു ലടുവും കടുകുമൊക്കെ...!!  കയ്യില്‍ ഉണ്ടായിരുന്ന റോസാപൂവ് നീട്ടി... ഐ.ലവ്.യു.... മോന്തക്ക് അടികിറ്റാതെ രക്ഷപെട്ടത് പെട്ടെന്ന് ടീച്ചര്‍ വന്നത് കൊണ്ട് മാത്രം... പരീക്ഷ നടത്തുന്നില്ല എന്ന് ടീച്ചര്‍ അറിയിച്ചു.... "കഷ്ടപ്പെട്ട് പഠിച്ചിരുന്നു ടീച്ചറെ... പരീക്ഷ നാളേക്ക് മാറ്റുന്നതില്‍ സങ്കടം ഉണ്ട്..." ടീച്ചര്‍ മുഖത്തെക്ക് ഒന്ന് നോക്കി... "എടാ ഫൈസി... നിന്റെ കഴിഞ്ഞ പരീക്ഷയിലെ മാര്‍ക്ക്‌ കണ്ടിട്ടാ പരീക്ഷ മാറ്റിയത്... നിന്നോട് കുറച്ചു പറയാനുണ്ട്... എന്നിട്ട് എഴുതിയാ മതി...".. ഫൈസിയുടെ മുഖത്ത് ഒരു പുളിങ്ങതിന്ന ചിരി..!! ടീച്ചര്‍ കഴിഞ്ഞ പരീക്ഷയിലെ ഉത്തരക്കടലാസ് എടുത്തു കാണിച്ചു കൊടുത്തു.... എന്ത് ഭംഗി കാണാന്‍.....,... നൂറില്‍ വട്ട കുമ്പളങ്ങ...!

വീട്ടില്‍ എത്തി ചായ കുടിക്കാന്‍ ഇരുന്നു... അത് നന്നായി നടക്കാറുണ്ട്..! ഉമ്മക്ക് ഇടയ്ക്കു ബാഗ്‌ ചെക്ക്‌ ചെയ്യുന്ന സ്വഭാവം ഉണ്ട്... ആദ്യം തന്നെ കണ്ടു... മഹത്തായ കുമ്പളങ്ങ... "എന്താടാ ഇത് വട്ട പൂജ്യമോ... നീ എന്തിനാ സ്കൂളില്‍ പോണത്..."... അതിലേക്കൊന്നും മൈന്‍ഡ് ചെയ്യാതെ ഫൈസി മൊബൈലില്‍ കുത്തികുറിച്ചു കൊണ്ടേ ഇരുന്നു.. ദേഷ്യത്തോടെ ഉമ്മ മൊബൈല്‍ വാങ്ങിച്ചു വെച്ച്... "ഇന്ന് മുതല്‍ നിന്നെ എങ്ങനെ പഠിപ്പിക്കേണ്ടത് എന്ന് എനിക്കറിയാം.." അവനെ ശെരിക്കും പഠിപ്പിക്കാന്‍ തന്നെ ഉമ്മ തീരുമാനിച്ചു.... ഭക്ഷണവും വെള്ളവും റൂമില്‍ എത്തിച്ചു കൊടുത്തു... എന്ത് ചെയ്യാനും സമയം നിശ്ചയിച്ചു.... പതിയെ ഫൈസി പഠിച്ചു തുടങ്ങി... എല്ലാരും പറയാന്‍ തുടങ്ങി... "അവന്‍ ഭയങ്കര പഠിപ്പല്ലേ...!"

മറ്റൊരു ദിവസം ശേഷം ഉണ്ടായ പരീക്ഷയുടെ ഉത്തരക്കടലാസുമായി വീട്ടിലേക്കു കടന്നു വന്നു... തന്റെ പ്രയത്നം എന്തായി എന്നറിയാന്‍ ഉമ്മ കാത്തിരിക്കുകയായിരുന്നു.... ഉമ്മാക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.... വട്ട പൂജ്യം വാങ്ങിയവന്‍ തന്നെ ആണോ നൂറില്‍ നൂര്‍ എന്ന് ചിന്തിച്ചു പോയി... അപ്പൊ അവിടെ ഉണ്ടായിരുന്ന വേലക്കാരിക്ക്‌ കാണിച്ചു കൊടുത്തു ഉമ്മ പറഞ്ഞു... "ന്റെ മോന്‍ ഇപ്പോ ഭയങ്കര പഠിപ്പല്ലേ..."...

അതിനിടയില്‍ ഫൈസി ഇടയില്‍ കയറി ചോദിച്ചു..."എവിടെ എന്റെ മൊബൈല്‍.....,...?"... എവിടെ വെച്ചത് എന്ന് ശെരിക്കും ഉമ്മ മറന്നു പോയിരുന്നു... "ഞാന്‍ നോക്കിയിട്ട് എടുത്തു തരാം... ഒന്ന് തിരയണം... നീ വന്നു ചായ കുടിക്ക്...".. ഫൈസിയുടെ മുഖം മാറി.... "എന്റെ മൊബൈല്‍ ഏതു അടുപ്പില്‍ കൊണ്ട് പോയി വെച്ചിരിക്കുകയാ...,... അവനാന്റെ കാര്യം നോക്കിയാ മതിയല്ലോ നിങ്ങള്‍ക്കൊക്കെ... നീ എന്റെ ഫോണ്‍ തരുന്ന തള്ളെ..."... വാക്കുകളിലെ വിത്യാസം കേട്ട് ഉമ്മ തരിച്ചു പോയി... "എന്താ മോനെ... നീ ഇങ്ങനെ ഒക്കെ പറയുന്നേ... ഒന്നുകില്‍ ഞാന്‍ നിന്റെ ഉമ്മ അല്ലേടാ..."... അവന്‍ അതിനിടയില്‍ അലറി.. "മിണ്ടാതിരുന്നോ... ചിലക്കാതെ വേഗം പോയി ഫോണ്‍ എടുത്തു വാ... അല്ലെങ്കി എന്റെ കയ്യിന്റെ ചൂട് നീ അറിയും..."... ഫൈസി അകത്തേക്ക് നടന്നു കയറി.... ഉമ്മയുടെ കണ്ണുകള്‍ നിറയാന്‍ ഇനി മറ്റൊന്നും വേണ്ടായിരുന്നു... സ്കൂള്‍ വിദ്യാഭ്യാസം നല്‍കാന്‍ ആ ഉമ്മ കഷ്ടപെട്ടപ്പോള്‍..,... ഒരു നിമിഷം പോലും ധാര്‍മിക വിദ്യാഭ്യാസവും മാനുഷിക മൂല്യങ്ങളും പഠിപ്പിച്ചു കൊടുക്കാന്‍ ആ ഉമ്മ വിട്ട് പോയിരുന്നു... വേലക്കാരി ഇടയില്‍ കേറി ഒന്ന് പാര വെച്ച് കൊടുത്തു... "ഭയങ്കര പഠിപ്പല്ലേ അവന്‍ .. അതാവും അങ്ങനെ പറഞ്ഞത്... "

ചിന്ത : ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ വെമ്പല്‍ കൂട്ടുമ്പോള്‍ ഓര്‍ക്കുക... മാനുഷിക മൂല്യങ്ങളെ ജീവിതത്തില്‍ പകര്‍ത്താനുള്ള അറിവ് നല്‍കിയില്ലെങ്കില്‍ എല്ലാം വെറുതെയായി എന്ന് തോന്നാം...
തോന്നാന്‍ അവസരം  ഉണ്ടാക്കാതിരിക്കാം... ഉണ്ടാവാതിരിക്കട്ടെ...

അഭിപ്രായങ്ങള്‍ കമന്റ്‌ ചെയ്താലും... :)
#mohdjabironline

ജാബി'സ്

Saturday 8 June 2013

അനുഭവിക്കാന്‍ പാട്ടില്‍ സംഗതി മാത്രമല്ല ഉള്ളത്


എന്റെ ഡിഗ്രി ആദ്യ വര്‍ഷക്കാലം... എന്‍...എസ്എസ് വോളന്റിയര്‍ ആയിരുന്ന ഞാന്‍ സ്പെഷ്യല്‍ ക്യാമ്പില്‍ പങ്കെടുത്തു... പൊന്നാനി എം.ഐ. ഗേള്‍സ്‌ ഹൈസ്കൂളില്‍ ആയിരുന്നു  ക്യാമ്പ്... 

പതിവ് പോലെ ഒരു ദിനം സര്‍വ്വേ അവാശ്യാര്‍ത്ഥം ഓരോ വീടുകളിലും കയറി ഇറങ്ങി... പൂരിപ്പിക്കാന്‍ തന്ന ഫോമില്‍ വീട് നമ്പര് ആവശ്യം ഉണ്ടായിരുന്നത് കൊണ്ട് ചെറിയ കുടിലുകള്‍ ഞങ്ങള്‍ കയറിയിരുന്നില്ല... കുട്ടികളുള്ള വീടാണെങ്കില്‍ അവര്‍ക്ക് സന്തോഷത്തിനു കൊടുക്കാന്‍ മിട്ടായി ഞാന്‍ കയ്യില്‍ കരുതിയിരുന്നു...

എന്തായാലും പോകുന്ന വഴിക്ക് ഞാന്‍ എന്റെ കൂടെ ഉണ്ടായിരുന്നവരോട് പറഞ്ഞു : നമുക്ക് ആ കുടിലില്‍ ഒന്ന് പോയി നോക്കിയാലോ... കുറെ കുട്ടികളെ കാണാനുണ്ട്... ഒരു രസമായിരിക്കും...
"നീ പോയി വാ... ഞങ്ങള്‍ ഇവിടെ നിന്നോളാം..." പെണ്‍കുട്ടികള്‍ ആയതു കൊണ്ട് ഞാന് ആ തീരുമാനത്തെ എതിര്‍ത്തില്ല...

ഞാന്‍ ആ വീട്ടിലേക്കു ചെന്നു... പൊന്നാനി എം.ഇ.എസ് കോളേജില്‍ നിന്നും സര്‍വ്വേ ആവശ്യാര്‍ത്ഥം വരികയാണ് എന്ന് പറഞ്ഞു... എന്താ വേണ്ടത് എന്ന് ആ വീട്ടിലെ ഉപ്പ  എന്നോട് ചോദിച്ചു.. ഒന്നുമില്ല, കുട്ടികള്‍ക്ക് കുറച്ചു മിട്ടായി കൊടുക്കാനാണ് എന്ന് ഞാന്‍ പറഞ്ഞു..




മുറ്റത്ത് നിന്നിരുന്ന ഒരു പെണ്‍കുട്ടി എന്റെ കയ്യില്‍ നിന്ന് മിട്ടായി വാങ്ങി... 

വേറെ ഒരു മോള് കൂടിയുണ്ട്...
അവള്‍ കരയുന്ന ശബ്ദം ഞാന്‍ കേള്‍ക്കുന്നുണ്ട്... അവളുടെ ഉമ്മ എന്റെ അടുത്തേക്ക് വന്നു...
"മോളെ... മിട്ടായി വേണമെങ്കി വേഗം പോരെ..." ഉമ്മ ഉറക്കെ പറഞ്ഞു..
അവള്‍ ഓടി വന്നു... മുഖത്തെ കണ്ണുനീരിനു പകരം പുഞ്ചിരിക്കുന്ന മുഖം... ഞാന്‍ ആദ്യം മിട്ടായി അവള്‍ക്കു കൊടുത്തു... എന്നിട്ട് വെറുതെ ഒന്ന് കാച്ചിവിട്ടു... " നീ ഒരു പാട്ട് പാടുകയാണെങ്കില്‍ ഞാന്‍ രണ്ടു മിട്ടായി കൂടി തരാം.."

ആദ്യം ഒന്ന് നാണിച്ചു നിന്ന ശേഷം അവള്‍ പാടി... നല്ല സുന്ദരമായ ഈണവും താളവും... എനിക്ക് നല്ലം ഇഷ്ടമായി... ഒരു അഞ്ചാം ക്ലാസ്സ്‌ പ്രായമേ അവള്‍ക്കു കാണു... പക്ഷെ ഇത്രയും സുന്ദരമായി പാടുന്ന ഒരു കുട്ടിയെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ലായിരുന്നു... എനിക്ക് വല്ലാത്ത സന്തോഷം തോന്നി...

ആസ്വദിച്ചു തീരുമ്പോഴേക്കും അവള്‍ നാണിച്ചു പാട്ട് നിറുത്തി... ഞാന്‍ അവളെ അടുത്തേക്ക് വിളിച്ചു... നന്നായി പ്രോത്സാഹിപ്പിച്ചു... ഒരുപാട് വീടുകളില്‍ കൊടുക്കാന്‍ വേണ്ടി കുറെ മിട്ടായി ഞാന്‍ വാങ്ങിയിരുന്നു... പക്ഷെ അതെല്ലാം ഞാന്‍ അവള്‍ക്കു കൊടുത്തു പോയി... അവളുടെ മുഖത്തേക്ക് നോക്കി ഞാന്‍ പറഞ്ഞു : "നീ മിടുക്കിയാകണം... നല്ല കഴിവുണ്ട് നിനക്ക്... നന്നായി പഠിക്കുകയും കളിക്കുകയും പാടുകയും ചെയ്യണം..."

ഞാന്‍ അത് പറഞ്ഞു തീരുമ്പോഴേക്കും ഞാന്‍ തന്നെ തരിച്ചു പോയിരുന്നു... അവളുടെ കണ്‍കളില്‍ സന്തോഷത്തിന്റെ തിളക്കമുണ്ടായിരുന്നു... അവള്‍ മിട്ടായിയുമായി വേഗം ഉള്ളിലേക്ക് ഓടി ചെന്ന്... ഉപ്പാക്കും ഉമ്മാക്കും ആദ്യം രണ്ടു വീതം കൊടുത്തു.. പിന്നെ അവളുടെ അനിയത്തി കുട്ടിക്കും... ഞാന്‍ ഉപ്പയുടെ മുഖത്തേക്ക് ശ്രദ്ധിച്ചു... ആഹ്ലാദം കൊണ്ട് കണ്ണുനീര്‍ ഒഴുകുകയാണ്... വികാരഭരിതനായ ഞാന്‍ വേഗം യാത്ര പറഞ്ഞ് എന്റെ ടീമിന്റെ കൂടെ കൂടി...

സര്‍വ്വേ കഴിഞ്ഞു ക്യാമ്പ്‌ സ്പോട്ടിലേക്ക്‌ എത്തുന്ന വരെ ഞാന്‍ ആ അനുഭൂതി കൂടെയുള്ളവരോട് പറഞ്ഞു കൊണ്ടേ ഇരുന്നു... അന്ന് രാത്രി എല്ലാവരും തമാശ പറഞ്ഞു ഇരിക്കുമ്പോളും എന്റെ കാതില്‍ അവളുടെ പാട്ടായിരുന്നു... എന്റെ കണ്‍കളില്‍ അവളുടെ ഉപ്പയുടെ കണ്ണുനീരായിരുന്നു.... സന്തോഷം കൊണ്ട് എന്റെ മനസ്സ് പുളകിതമായിരുന്നു...

ഇനിയും ആ വീട്ടില്‍ പോകണം എന്ന് ഞാന്‍ മനസ്സില്‍ കരുതി... പിന്നീട് ഞാന്‍ ആ വഴിക്കുപോയപ്പോള്‍ ഞാന്‍ ആ വീട് ശ്രദ്ധിച്ചു... പക്ഷെ നിരാശ മാത്രമായിരുന്നു ബാക്കി.. ആ കുടില് തന്നെ അവിടെ കാണാനില്ല.... എന്ത് പറ്റി എന്ന് അറിയില്ല... എന്നാലും എന്റെ ക്യാമ്പ്‌ ജീവിതത്തില്‍ ഞാന്‍ ഏറ്റവും ഓര്‍ക്കുന്ന ഒരു സംഭവം ആണ് ഇത്...

അവള്‍ പാട്ടുകാരിയായിരുന്നു... ഏതൊരു ദുഖവും സന്തോഷമാക്കാന്‍ കഴിവുള്ള പാട്ടിന്റെ ഉടമ... ഒരു പക്ഷെ അത് കൊണ്ടായിരിക്കും അവര്‍ സന്തോഷത്തോടെ ജീവിക്കുന്നത്...

ദാരിദ്ര്യത്തിന്റെ കഷ്ടപാടില്‍ കഴിയുന്ന പലര്‍ക്കും സ്വാന്ത്വനം കൊടുക്കുന്നത് വലിയ ഒരു നന്മയും സന്തോഷവുമാണ്.... പലപ്പോഴും അങ്ങനെ ഉള്ളവരുടെ സന്തോഷമാണ്‍  നമ്മെ ഉയരങ്ങളില്‍  എത്തിക്കുന്നത്...

നമ്മുടെ സുഖത്തിന് വേണ്ടി ഓടി നടക്കുന്നതിനു ഇടയില്‍ കൊല്ലത്തില്‍ ഒരു ദിവസമെങ്കിലും ഈ സന്തോഷം നമ്മില്‍ എത്തട്ടെ...  ഇങ്ങനെ ഒരു അനുഭവം ജീവിതത്തില്‍ കിട്ടാതെ കുറെ എ.സി റൂമില്‍ ഇരിന്നു സുഖിക്കുനതിനേക്കാള്‍ മണ്ടന്‍ വേറെ ഉണ്ടാകില്ല എന്നാണ് എന്റെ അഭിപ്രായം...
ഒരു സന്തുഷ്ട ലോകത്തിനായി നമുക്ക് കയ്കൊര്‍ക്കാം...

ജാബി'സ്

Wednesday 5 June 2013

പരിസ്ഥിതി ദിനം - ചില ഫേസ് ബുക്ക്‌ ചിന്തകള്‍

പതിവ് പോലെ എല്ലാവരും ഫേസ് ബുക്ക് ലോഗിന്‍ ചെയ്തു.... മരങ്ങള്‍ക്കും പ്രകൃതിക്കും  വേണ്ടി മുറവിളി കൂട്ടി പോസ്റ്റുകള്‍...,... ടൈം ലൈന്‍ നിറഞ്ഞു... 

ചില പോസ്റ്റുകള്‍ ഇങ്ങനെ : "മരങ്ങളെ സംരക്ഷിക്കണം എന്ന് ആശിക്കുന്നവര്‍ ലൈക്‌ അടിക്കൂ..." 
ചിലര്‍ വിപ്ലവകരമായ വാക്കുകള്‍ കൊണ്ട് ഷെയറുകള്‍ വാങ്ങികൂട്ടുന്നു...
"പരിസ്ഥിതിയെ സംരക്ഷിക്കും" എന്ന് കമന്റ്‌ ചെയ്യാന്‍ പല ബിസ്സിനസ്സ് ബ്രാന്‍ഡ് പേജുകളിലും  പോസ്റ്റുകള്‍ നിറക്കുന്നു...
അങ്ങനെ നീളുന്നു ഫേസ് ബുക്ക്‌ വിപ്ലവം..

സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി മനുഷ്യന്‍ എല്ലാം എറിഞ്ഞു തുലക്കുന്നതിനു എതിരെ ഫേസ് ബുക്കില്‍ വാതോരാതെ എഴുതുന്നത്‌ പലപ്പോഴും സ്വയം താല്പര്യങ്ങള്‍ക്കാവുന്നു... പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന താല്‍പര്യമല്ല... സ്വന്തം പ്രൊഫൈലിനോ പേജിനോ ലൈക്കുകള്‍ വാങ്ങി കൂട്ടാനുള്ള ആഗ്രഹമായി മാറുന്നു...




മുറവിളി കൊണ്ട് മാത്രം കാര്യമില്ല, പ്രവര്ത്തിയിലാണ് കാര്യം എന്നെനിക്ക് തോന്നി... പുറത്തിറങ്ങാന്‍ അസുഖം കൊണ്ട് വയ്യ... 
എന്തായാലും ഞാന്‍ അത് തീരുമാനിച്ചു.... എനിക്ക് അതിനോട് വലിയ താല്പര്യമില്ല.. എങ്കിലും ഒരു മരമെങ്കിലും നടാന്‍ വേണ്ടി മാത്രം... 
കാലങ്ങള്‍ക് ശേഷം "ഫാം വില്ല " തുറന്നു ഒരു മരം നട്ടൂ....
( ഫാം വില്ല എന്നത് ഫേസ് ബുക്കിലെ ഒരു ഗെയിം ആണ് )

ടിന്റു : അല്ലാ ജാബി... നീ ഇങ്ങനെ വാ തോരാതെ പറഞ്ഞത് ഫാം വില്ലയില്‍ ഒരു മരം നടനായിരുന്നോ..!


വിചാരം : കുറെ പോസ്റ്റ്‌ ഷെയര്‍ ചെയ്യുന്നതിനപ്പുറം ആ പോസ്റ്റുകള്‍ എത്ര ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കുന്നു എന്ന ആത്മ പരിശോധനയാവട്ടെ ഇക്കൊല്ലത്തെ 
പരിസ്ഥിതി ദിനം..
നമുക്ക് ആത്മവിജിന്തനം അത്യാവശ്യമായിരിക്കുന്നു...

ജാബി'സ്