Sunday, 22 June 2014

ക്യാമ്പസ്‌ രാഷ്ട്രീയത്തിലേക്ക് ഒരെത്തിനോട്ടം


എറണാംകുളം ലോ കോളേജിലെ പ്രകാശ് നല്‍കിയ ഹര്‍ജിയുടെ തുടര്‍ച്ചയിലാണ് ക്യാമ്പസ്‌ രാഷ്ട്രീയ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത്. ക്യാമ്പസില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു നിയന്ത്രണം എന്ന പേരിലാണെങ്കിലും മൊത്തത്തില്‍ രാഷ്ട്രീയ അന്തരീക്ഷം കോളേജില്‍ നിന്നും എടുത്തു കളയാനുള്ള ശ്രമമായിട്ടെ ഇപ്പോഴത്തെ ഉത്തരവുകളെ കാണാന്‍ കഴിയൂ.
കോളേജില്‍ രാഷ്ട്രീയത്തിന്‍റെ ആവശ്യകതയെക്കുറിച്ച് നാം മനസ്സിലാക്കേണ്ടതുണ്ട്. രാഷ്ട്രത്തിനു വേണ്ടി സംസാരിക്കുന്ന, പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടത്തെ വളര്‍ത്തിയെടുക്കലാണ് സംഘടനകളുടെ പ്രധാന ലക്ഷ്യം. ബ്രിട്ടീഷ്‌ അധിനിവേശത്തില്‍ നിന്നും ഒരുപാട് കഷ്ടപ്പെട്ട് നമ്മുടെ ജവാന്മാര്‍ നമ്മിലേക്ക് കൈമാറിത്തന്ന ഇന്ത്യയില്‍ ആ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതും മികവുറ്റ വികസനം ഉറപ്പുവരുത്തേണ്ടതും ഓരോ പൌരന്റെയും കടമയാണ്. അത് കൊണ്ട് തന്നെ വളര്‍ന്നു വരുന്ന തലമുറയ്ക്ക് ശരിയായ രാഷ്ട്രീയ ബോധവും രാജ്യത്തെ നയിക്കാനുള്ള ഊര്‍ജ്ജവും കൈവരേണ്ടതുണ്ട്. ഇവിടെയാണ്‌ ക്യാമ്പസ്‌ രാഷ്ട്രീയത്തിന്‍റെ പ്രാധാന്യം വിളിച്ചോതുന്നത്. ക്യാമ്പസ്‌ തലത്തില്‍ ഉണ്ടാകുന്ന അനീതിയും അവകാശ നിഷേധവും ചോദ്യം ചെയ്യാനു ഇന്നത്തെ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് വരും തലമുറയിലെ നേതാക്കളായ അവര്‍ക്ക് നമ്മുടെ രാജ്യത്തെ നയിക്കാന് കഴിയുക ? ഒരുപാട് സമരങ്ങളിലൂടെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ നേടിയെടുത്ത നേട്ടങ്ങളും നമുക്ക് മറക്കാന്‍ കഴിയില്ല. കോളേജ് സിലബസില്‍ മാത്രം ഒതുങ്ങി കൂടാതെ സാഹിത്യകലാമേഖലകളിലും  രാഷ്ട്രീയരംഗങ്ങളിലും വിദ്യാര്‍ത്ഥികള്‍ സജീവമാകേണ്ടത്  കാലഘട്ടത്തിന്‍റെ ആവശ്യകതയാണ്.

ഇത്രയും പ്രാധാന്യം അര്‍ഹിക്കുന്ന ക്യാമ്പസ്‌ രാഷ്ട്രീയം നിയന്ത്രിക്കാന്‍ ഹര്‍ജിയില്‍ മുന്നോട്ട് വെച്ച കാര്യങ്ങളും നാം പരിശോധനയ്ക്ക് വിധേയമാക്കണം. രാഷ്ട്രത്തെ വളര്‍ത്താന്‍ വേണ്ടി രൂപം കൊണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് പ്രാമുഖ്യം നല്‍കുന്നത് അതാത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയാണ്. ഇതിലൂടെ തെറ്റിനെ പോലും ന്യാകരിക്കുന്ന അവസ്ഥാവിശേഷം രൂപം കൊണ്ടു. ഒരു തെറ്റ് കണ്ടാല്‍ പോലും സ്വന്തം  പാര്‍ട്ടിക്കാരനോട് ഒരു നയവും മറ്റു പാര്‍ട്ടിയില്‍ പെട്ടയാളോട് മറ്റൊരു നയവും സ്വീകരിക്കുന്ന ദാരുണമായ കാഴ്ചയാണ് നമ്മുടെ രാഷ്ട്രീയ മേഖലയില്‍ നിലനില്‍ക്കുനത്. ഈ ഒരു നയമാണ് ഒരു വിഭാഗം ജനങ്ങളില്‍ രാഷ്ട്രീയത്തെക്കുറിച്ച് തെറ്റായ കാഴ്ചപ്പാടുകള്‍ ഉണര്‍ത്തുന്നത്. സമരങ്ങള്‍ കാരണം ക്ലാസ്സ്‌ മുടങ്ങുന്നു എന്നതാണ് പ്രധാനമായും ഹര്‍ജിയില്‍ പറയുന്ന പരാതി. ഇത് കൊണ്ട് ക്യാമ്പസ്‌ രാഷ്ട്രീയം നിര്‍ത്തലാക്കണമെങ്കില്‍ ആദ്യം നിറുത്തേണ്ടത് മുഖ്യധാരാരാഷ്ട്രീയത്തെയാണ്. കാരണം അത്തരം പാര്‍ട്ടികളുടെ സമരങ്ങള്‍ കോളേജ് എന്നതിനപ്പുറം എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്നുണ്ട്. ഇതിനര്‍ത്ഥം രാഷ്ട്രീയ പാര്‍ട്ടികള്‍ ഇനി നമ്മുടെ രാജ്യത്ത് വേണ്ട എന്നല്ല. മറിച്ച് മുഖ്യധാരരാഷ്ട്രീയ പാര്‍ട്ടികള്‍ ആക്രമനീക്കങ്ങളും മതവിദ്വേഷവും അഴിമതിമാര്‍ഗങ്ങളും തെറ്റായ സമരരീതികളും പാടെ എടുത്തു കളയാന്‍ ആര്‍ജ്ജവം കാണിക്കണം. തെറ്റായ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ക്യാമ്പസില്‍ അരങ്ങേരുന്നുണ്ടാകാം. പക്ഷെ ജലദോഷം പിടിച്ചത് കൊണ്ട് മൂക്ക് മുറിക്കുക എന്ന് പറയും പോലെ നിയന്ത്രണം കൊണ്ട് വരികയല്ല വേണ്ടത്. മറിച്ച് ശെരിയായ രാഷ്ട്രീയ ബോധം പകര്‍ന്നു കൊടുക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടത്. പഠനത്തിലേക്ക് മാത്രം ശ്രദ്ധ തിരിച്ചു വിടുന്ന സെമിസ്റ്റര്‍ സിസ്റ്റം പോലും സാഹിത്യഅഭിരുചികളെ കരിച്ചുകളയുകയും അരാഷ്ട്രീയ വാദം കൊണ്ട് വരികയും ചെയ്യുന്നു എന്നത് നാം മനസ്സിലാക്കി കഴിഞ്ഞതാണ്. അതിനൊപ്പം ഇത്തരം ഉത്തരവുകളല്ല സര്‍ക്കാര്‍ മുന്നോട്ട് വെക്കേണ്ടത്. നേരത്തെ പറഞ്ഞത് പോലെ മുഖ്യധാരരാഷ്ട്രീയ പാര്‍ട്ടികളെ ശുദ്ധീകരിക്കാന്‍ ശ്രമിക്കണം. അതിനുള്ള ഉത്തരവുകളും ജനലോക്പാല്‍ പോലുള്ള ബില്ലുകളും നിലവില്‍ വരട്ടെ. നിങ്ങളുടെ പ്രവര്‍ത്തനത്തിലൂടെയല്ലേ ഇന്നത്തെ വിദ്യാര്‍ഥിസമൂഹം രാഷ്ട്രീയം എന്താണെന്ന് വീക്ഷിക്കുന്നത്. അല്ലാതെ ക്യാമ്പസ്‌ രാഷ്ട്രീയം എടുത്തു കളയാം എന്ന്‍ കരുതുന്നെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികരിക്കാന്‍ അടുത്ത ഇലക്ഷന്‍ വേണമെന്നില്ല എന്ന സത്യം ഓര്‍ക്കുന്നത് നന്നായിരിക്കും. രാഷ്ട്രീയ നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നതിനു പകരം ശെരിയായ രാഷ്ട്രീയ ബോധം ഉണ്ടാക്കാന്‍ മുന്‍കയ്യെടുക്കൂ. രാഷ്ട്രീയ ബോധ്വും നേത്രുത്വപരിചയവുമുള്ള സമൂഹത്തെ സൃഷ്ടിച്ചെടുത്ത് ഇന്ത്യയുടെ നല്ല നാളേക്ക് വേണ്ടിയാകട്ടെ സര്‍ക്കാര്‍ നീക്കങ്ങളും ഉത്തരവുകളും.. ജയ് ഹിന്ദ്‌...